ലേഖനങ്ങള്‍ : articles




വെറുതെയല്ല പുഞ്ചിരി!


വിശ്വപ്രശസ്ത ചിത്രകാരനായ ലിയോനാര്‍ഡോ ഡാ വിന്‍സിയുടെ ലോകപ്രശസ്തമായ ചിത്രം മൊണാലിസയുടെ പുഞ്ചിരിയ്ക്കുപിന്നിലെ അര്‍ത്ഥം ഇന്നും ലോകത്തിന്‌ അജ്ഞാതമാണ്‌. രഹസ്യങ്ങള്‍  ഒളിച്ചിരിക്കുന്ന പുഞ്ചിരിയാല്‍  ലോകത്തെ തത്വശാസ്ത്രജ്ഞരെ മുഴുവന്‍  ഇന്നും ആശയക്കുഴപ്പത്താല്‍  വട്ടംകറക്കുകയാണ്‌ മൊണാലിസ.

ഒരു പുഞ്ചിരിയിലെന്തിരിക്കുന്നുവെന്ന്‌ പലപ്പോഴും ചിന്തിച്ചേക്കാം. എന്നാല്‍  അവസരോചിതമായ ഒരു പുഞ്ചിരിയില്‍  അണുബോംബിനേക്കാള്‍  വലിയൊരു ശക്തിപ്രവാഹം അടങ്ങിയിരിപ്പുണ്ടെന്ന്‌ തിരിച്ചറിഞ്ഞവരാണ്‌ ലോകം മഹാന്മാര്‍  എന്ന ഗണത്തില്‍  പെടുത്തിയ പലരും. ആത്മാര്‍ത്ഥമായ ഒരു പുഞ്ചിരിയെ ആര്‍ക്കും വിലകൊടുത്ത്‌ വാങ്ങാനാവില്ല, വിലയ്ക്ക്‌ വില്‍ക്കാനുമാവില്ല.

പുഞ്ചിരികള്‍ക്കുപിന്നിലെ രഹസ്യം പലതുമാകാം. ചിലപ്പോള്‍  വഞ്ചനയുടെ കൊടിയ വിഷം മനസ്സില്‍  സൂക്ഷിച്ച്‌ മധുരമായി പുഞ്ചിരിക്കുവാന്‍  കഴിയുന്നവരുണ്ടാകാം. കരുണയും ദയയും മനസ്സില്‍ സൂക്ഷിച്ച് മധുരാര്‍ദ്രമായി പുഞ്ചിരിക്കുന്നവരുമുണ്ടാകാം. പ്രണയവും സ്നേഹവും കൊണ്ട് നിങ്ങളെ നോക്കി പാല്‍പ്പുഞ്ചിരി  തൂകുന്നവരുണ്ടാകാം. അപഹാസ്യതയുടേയും കളിയാക്കലിന്റെയും രൂപത്തില്‍  പുഞ്ചിരിക്കുന്നവരും കുറവല്ല.. വാശിയും വൈരാഗ്യവും പുഞ്ചിരിയില്‍ മറച്ചുപിടിക്കുന്നവരും കാണും.

എന്നാൽ ഹൃദയത്തിൽ നിന്നുള്ള ആത്മാര്‍ത്ഥമായൊരു പുഞ്ചിരി.. അതൊരുപക്ഷേ.. ഒരു ജീവനെ ആത്മഹത്യയില്‍നിന്ന് രക്ഷപ്പെടുത്തിയേക്കാം.. മരണത്തിന്റെ വക്രത്തില്‍നിന്ന് കരകയറ്റിയേക്കാം.. നൈരാശ്യത്തില്‍ നിന്ന് പിടിച്ചുയര്‍ത്തിയേക്കാം.. പരാജയത്തില്‍നിന്ന് വിജയത്തിലെത്തിച്ചേക്കാം. ഒരു യുദ്ധമൊഴിവാക്കിയേക്കാം.. ഒരു പ്രളയത്തിന് തുടക്കമിട്ടേക്കാം...

തിരിച്ചറിയുക.. വെറുതെയല്ല പുഞ്ചിരി... അതുവെറുതെ പാഴാക്കണോ..?

No comments:

Post a Comment