തിരക്കഥകള്‍ : scripts





സ്വര്‍ണ്ണമൂങ്ങ

അനിയൊ അന്റോണിയൊ



സീന്‍ -1

പുറം, പകല്‍ / ബീച്ച്‌
വീരമണി, ചന്ദന,                                 
രണ്ടുസുന്ദരികള്‍                                

വീരമണിയുടെ സ്വപ്നം
കടലിലേക്കിറങ്ങി നില്ക്കുന്ന ചെറിയ പാലം. ഇരുവശത്തുനിന്നും വീശിയടിക്കുന്ന തിരമാലകള്‍ ..

ഒരു റാമ്പിലെന്നവണ്ണം ഇറുകിയ ഷോട്സും ജാക്കറ്റുമണിഞ്ഞ്‌ പൂച്ചനടത്തവുമായ്‌ കടല്‍പ്പാലത്തിലൂടെ ചന്ദന. ഇരുവശത്തും അല്പം പിന്നിലായ്‌ മറ്റുരണ്ടുസുന്ദരികള്‍  അനുഗമിക്കുന്നു. പശ്ചാത്തലത്തില്‍  ത്രസിപ്പിക്കുന്ന റോക്ക്‌ സംഗീതം. ഇടയ്ക്കിടെ ആഞ്ഞടിയ്ക്കുന്ന തിരമാലകള്‍ . സംഗീതത്തിന്റേയും തിരമാലകളുടേയും താളത്തിനൊത്ത്‌ സുന്ദരിയായ ചന്ദനയുടെയും സഖികളുടേയും അംഗലാവണ്യം ഒന്നൊന്നായ്‌ ഒപ്പിയെടുക്കുന്ന ക്യാമറ.

പിന്നില്‍  വന്നുനില്ക്കുന്ന തുറന്ന ജീപ്പ്‌. അതില്‍നിന്നും ചാടിയിറങ്ങുന്ന നാലുഗുണ്ടകള്‍ . ചന്ദനയെ പിടിച്ചുവലിച്ച്‌ ജീപ്പിൽ കയറ്റുവാന്‍  ശ്രമിയ്ക്കുന്നു. കുതറുന്ന ചന്ദന.. അലമുറയിടുന്ന കൂട്ടുകാരികള്‍..
       
ചന്ദന     :    ഛീ? വിടെടാ എന്നെ? വിടാന്‍

ഗുണ്ട     :    ഒരഞ്ചുമിനിറ്റ്‌? ബോസിനുമുമ്പിൽ ഒന്നുകൊണ്ടുചെന്നു നിര്‍ത്തുകയേ വേണ്ടൂ.. പിന്നെ വിട്ടേക്കാം..ഹാ.. കെടന്നുപെടയ്ക്കാതെടീ പെണ്ണേ..

കൂട്ടുകാരികൾ    :    അയ്യോ.. ഓടിവരണേ.. രക്ഷിക്കണേ? രക്ഷിക്കണേ..

കട്‌ ടു റിവേഴ്സ്‌ ആംഗിള്‍

കടലില്‍ നിന്ന്‌ പാലത്തിലേയ്ക്ക്‌ ചീറിയടുക്കുന്ന ഒരു സ്പീഡ്‌ ലോഞ്ച്‌. ലോഞ്ചിന്റെ ബൈക്ക്‌ ഹാന്‍ഡില്‍  വളരെ പ്രയാസപ്പെട്ട്‌ കണ്‍ട്രോളുചെയ്ത്‌ വീരമണി. ഇടയ്ക്കിടെ തിരമാലകള്‍  ലോഞ്ചിനുമുകളിലൂടെയും ആഞ്ഞടിക്കുന്നു.

പാലത്തിന്റെ അരികിലേയ്ക്ക്‌ ചീറിവന്നുനില്ക്കുന്ന സ്പീഡ്‌ ലോഞ്ചില്‍  നിന്ന്‌ ചാടിയിറങ്ങുന്ന വീരമണി.

വീരമണി ആക്ഷന്‍  സ്റ്റൈലില്‍  ഒരു കൂളിംഗ് ഗ്ലാസ്സെടുത്തുവയ്ക്കുകയും തലയിലെ ക്യാപ്പ്‌ അല്പം ചെരിച്ചുവെയ്ക്കുകയും ചെയ്തുകൊണ്ട്‌ ഗുണ്ടകൾക്കുമേലേയ്ക്ക്‌ എടുത്തുചാടുന്നു. ഗുണ്ടകളുമായി ഏറ്റുമുട്ടുന്ന വീരമണി. തകര്‍പ്പന്‍  സംഘട്ടനം. ആരാധനയോടെ വീരമണിയെ നോക്കുന്ന ചന്ദനയും കൂട്ടുകാരികളും. സംഘട്ടനത്തിനൊടുവില്‍  നാലുഗുണ്ടകളേയും അടിച്ചോടിച്ച്‌ സ്പീഡ്‌ ലോഞ്ചിലേയ്ക്ക്‌ ചന്ദനയെ കൈപിടിച്ചുകയറ്റുന്ന വീരമണി. പിന്നിലിരുന്ന്‌ വീരമണിയുടെ മാറിൽ ചുറ്റിപ്പുണർന്ന്‌ ചന്ദന. സ്പീഡ്‌ ലോഞ്ചിൽ കുതിക്കുന്ന ഇരുവരും.
കട്ട്‌ ടു..


സീന്‍ -1 എ

പുറം, പകല്‍ / ആര്‍ .കെ. എക്സ്പോര്‍ട്സ്‌
വീരമണി, ചന്ദന,                           
ആര്‍ .കെ വിജയന്‍                                  
ബാലശിങ്കം                                   

വീരമണിയുടെ സ്വപ്നം
ആർ.കെ. എക്സ്പോര്‍ ട്സ്‌ കമ്പനിയുടെ മുന്‍വശം. കയ്യില്‍  പൂമാലയും ബൊക്കെയുമായ്‌ ആരെയോ കാത്തിട്ടെന്നവണ്ണം നില്ക്കുന്ന ആര്‍ .കെ വിജയനും ജനറല്‍  മാനേജര്‍  ബാലശിങ്കവും. അവര്‍ക്കുമുന്നില്‍  സ്പീഡില്‍ വന്ന്‌ പെട്ടെന്ന്‌ ബ്രേക്ക്‌ ചവിട്ടിനിര്‍ത്തുന്ന ലക്ഷ്വറി ഓപ്പണ്‍  ടോപ്പ്‌ കാര്‍ .

കാറിനുള്ളില്‍  വീരമണിയും ചന്ദനയും. വീരമണിയ്ക്ക്‌ വിലയേറിയ സ്യൂട്ടും കോട്ടും ചന്ദനയ്ക്ക്‌ നീളംകുറഞ്ഞ ഫാഷന്‍  മിഡിയും ടോപ്പും വേഷം. കാറിന്റെ ഡോര്‍  തുറന്നുകൊടുക്കുന്ന സെക്യൂരിറ്റിക്കാരന്‍ . വീരമണിയെ പൂമാലയണിയിച്ച്‌ ഷേക്ക്‌ ഹാന്‍ഡ്‌ കൊടുത്ത്‌ സ്വീകരിക്കുന്ന ആര്‍ .കെ വിജയന്‍. 

ആര്‍.കെ. വിജയന്‍     :    വെല്‍ഡണ്‍  മൈ ബോയ്‌.. വെല്‍ഡണ്‍...! നീ എന്റെ മകളുടെ ജീവന്‍  രക്ഷിച്ചു. അതിനു പ്രതിഫലമായി എനിക്കുള്ളതെല്ലാം ഇനി നിന്റെ സ്വന്തമായിരിക്കും.

ഊറിച്ചിരിക്കുന്ന ആര്‍ .കെ വിജയന്‍ . കണ്ണുനിറഞ്ഞ്‌ ആര്‍ .കെ വിജയന്റെ കാല്‍ തൊട്ടുവന്ദിക്കുന്ന വീരമണി.

ജനറല്‍  മാനേജര്‍  ബാലശിങ്കം വീരമണിയുടെ കയ്യില്‍ നിന്നും സ്യൂട്ട്‌ കേസ്‌ വാങ്ങിപ്പിടിക്കുന്നു. വീരമണിയും കൂടെ ചന്ദനയും പിന്നാലെ ആർ.കെ. വിജയനും ബാലശിങ്കവും അകത്തേയ്ക്ക്‌.


തുടരും...

No comments:

Post a Comment